ന്യൂഡല്‍ഹി: ഇറച്ചിക്കോഴികള്‍ വേഗത്തില്‍ വളരാന്‍ വ്യാപകമായി പ്രയോഗിക്കുന്ന ആന്റിബയോട്ടിക്ക് കൊളിസ്റ്റിന്‍ രാജ്യത്തു നിരോധിക്കുന്നു. കോഴികള്‍ വേഗത്തില്‍ വളരാനും തൂക്കം വരുന്നതിനും കോഴിക്കര്‍ഷകര്‍ വ്യാപകമായ തോതിലാണ് കൊളിസ്റ്റിന്‍ ഉപയോഗിക്കുന്നത്.
കൊളിസ്റ്റിന്‍ ഉപയോഗിച്ച കോഴിയിറച്ചി ഭക്ഷിക്കുന്നതുകാരണം മനുഷ്യരില്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മനുഷ്യരില്‍ ആന്റിബയോട്ടിക്കിനു പ്രതിരോധം സൃഷ്ടിക്കുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസം നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഇറച്ചിക്കോഴികളില്‍ വന്‍തോതില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കെ.എഫ്.സി, മക്ഡൊണാള്‍ഡ്, പിസ ഹട്ട് എന്നീ കമ്പനികളുടെ കോഴിയിറച്ചി ഉല്പന്നങ്ങളില് വ്യാപകമായ രീതിയില്‍ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

