പമ്പ: ശബരിമല നട ചിത്തിര ആട്ട ആഘോഷത്തിന് ഇന്ന് തുറക്കാനിരിക്കെ ശക്തമായ കാവലൊരുക്കി പോലീസ്. മുന്‍പ് എങ്ങുമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്.
20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി.
നിലക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

