എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്കെട്ടില് സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.
തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറിയത്.ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആനകൾ ബഹളമുണ്ടാക്കുന്നത് കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


