അരൂര്‍: ‘പൂതന’ എന്ന് വിളിച്ച് ആക്ഷേപിച്ച ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ഷാനിമോള്‍ ഉസ്മാന്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞു. കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന് ആരോപിച്ചു. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിരുന്നു. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് നേരത്തെ ഷാനിമോള്‍ പ്രതികരിച്ചിരുന്നു.


