തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇന്നലെ വിളിച്ച ഉന്നതതല യോഗമാണു ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഡ്രൈവര്‍മാര്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഇന്നലെ 1251 സര്‍വീസുകള്‍ മുടങ്ങിയെന്നാണു വിവരം. എന്നാല്‍ 745 ഷെഡ്യൂളുകള്‍ മുടങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്. ഡ്രൈവര്‍മാരുടെ കുറവു മൂലം സംസ്ഥാനമെങ്ങും യാത്രാപ്രതിസന്ധി തുടരുകയാണ്. തെക്കന്‍ മേഖലയില്‍ നിന്നാണ് ഏറ്റവുമധികം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്.
മൂന്നു ദിവസമായി മൂന്നു കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് എംപാനലുകാരെ പിരിച്ചുവിട്ടതു മൂലം കെഎസ്ആര്‍ടിസിക്കുണ്ടായത്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ഡ്രൈവര്‍മാര്‍ക്കും ദിവസ വേതനത്തില്‍ ജോലിക്കെത്താമെന്ന നിലയില്‍ നിര്‍ദേശം എല്ലാ യൂണിറ്റുകള്‍ക്കും നല്‍കിയിട്ടുണ്ട്.


