കൽപറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ തുറക്കുക. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ഇതിനോടനുബന്ധിച്ചാണ് ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചത്.
ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ബാണാസുര സാഗർ അണക്കെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഷട്ടർ കൂടുതലായി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 59 ക്യൂബിക് മീറ്റർ എന്നതിൽ നിന്ന് സെക്കൻഡിൽ 94 ക്യൂബിക് മീറ്റർ വരെ ഘട്ടം ഘട്ടം ആയി കൂടും.


