കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദന് നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്നേ അവസാനിച്ചതാണ്. അതില്‍ ഇനി വേറെ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2017- ഡിസംബര്‍ 23-ലെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍ ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസ്സിന്റെ ആവശ്യം.
1995-96 കാലത്താണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി കെ കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയാണ്. 1998-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്കി.
അന്വേഷണം നിലച്ച അവസ്ഥയിലായിരുന്ന കേസ് ഇതോടെയാണ് വഴിത്തിരിവിലെത്തുന്നത്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്കി. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

