കോട്ടയം: തട്ടുകടയില്‍ വാടകയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാര്‍ (അനി-45) ആണു മരിച്ചത് 3 ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ കോട്ടയം തിരുനക്കര രാജധാനി ഹോട്ടല്‍ ഭാഗത്തു നിന്നു ബസ് സ്റ്റാന്‍ഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. പ്രതി പെരുമ്പായിക്കാട് ചിറയില്‍ റിയാസ് (27) കുത്തേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴക്കട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക റിയാസ് കൃത്യമായി നല്‍കിയിരുന്നില്ല അതിനാല്‍ ഇരുവരും തമ്മില്‍ സ്ഥിരമായി തര്‍ക്കം നടന്നിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയില്‍ റിയാസും വിജയകുമാറും തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്നും തുടര്‍ന്നു വിജയകുമാര്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേല്‍പിച്ചതായി പോലീസ് പറയുന്നു. തുടര്‍ന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തില്‍ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ബസ് സ്റ്റാന്‍ഡിലേക്കു പോയ യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണു പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. സംഭവം നടക്കുമ്ബോള്‍ ഇരുവരും മദ്യപിച്ചിരിന്നു.

