തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര് ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്.
പക്ഷേ അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറി. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു.
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് വേദി വിട്ട് പോയത് ചർച്ചയായിരുന്നു.


