കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം മുന്നില്‍ നിന്ന കോഴിക്കോടിനെ രണ്ടാംദിനം മറികടന്ന് കണ്ണൂര്‍.
272 പോയിന്റുകളാണ് കണ്ണൂര്‍ സ്വന്തമാക്കിയത്.തൊട്ടുപിന്നാലെ 266 പോയിന്റുമായി തൃശൂരാണ് രണ്ടാമത്. 265 പോയിന്റുമായി ആതിഥേയരായ കൊല്ലവും കോഴിക്കോടും മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിലുള്ള പാലക്കാടിന് 262 പോയിന്റും മലപ്പുറത്തിന് 252 പോയിന്റുമാണുള്ളത്.
കലോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന് പ്രധാനവേദിയായ ആശ്രാമം മൈതാനത്തെ ഒ.എന്‍.വി സ്മൃതിയില്‍ രാവിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടമാണ് നടന്നത്. രണ്ടാംവേദിയിയായ സോപാനം ഓഡിറ്റോറിയത്തില്‍ എച്ച്.എസ് വിഭാഗം ചവിട്ടുനാടകവും മൂന്നാംവേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഭരതനാട്യവും നടന്നു.വൈകുന്നേരം പ്രധാനവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ഒപ്പന നടക്കും. മൂന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടും നാലാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം തിരുവാതിരകളിയും നടക്കും.
ആകെ 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. എച്ച്എസ്, എച്ച്എസ്എസ് ജനറല്‍, എച്ച്എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.