മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ കേരളത്തെ പുറകോട്ട് നടത്താനുദ്ദേശിച്ചുള്ളതാണെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ കേരളത്തെ പുറകോട്ട് നടത്താനുദ്ദേശിച്ചുള്ളതാണെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് പറഞ്ഞു. കേരള പ്രത്രപ്രവര്‍ത്തക യൂണിയന് സെക്രട്ടേറിയറ്റ് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രത്യക്ഷമായ നടപടിയുമായി വരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. മാധ്യമങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സൗഹാര്‍ദ്ദപരമല്ലാത്ത സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും എം.ജി.രാധാകൃഷ്ണന് പറഞ്ഞു.

ധര്‍ണ ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു..⇓കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.നാരായണന്, അഡ്വ. പ്രതാപചന്ദ്രന്, മുന്‍ പ്രസിഡന്റ് ബോബി ഏബ്രഹാം, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, എ സുകുമാരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര് കിരണ്‍ ബാബു, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന്, അഷ്റഫ് വട്ടപ്പാറ, സാനു ജോര്‍ജ്ജ് തോമസ്, എം.എന്‍.സുരേഷ്, വിപുല്‍നാഥ്, ബിജു കുര്യന്, സി.വിമല്‍കുമാര്‍, എസ്.ബിജു, ജി.ബിജു എന്നിവര്‍ സംസാരിച്ചു.
പാളയത്ത് സ്വദേശാഭിമാനി സ്മാരകത്തില്‍ നിന്ന് പ്രകടനമായാണ് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ അറിയിച്ചു.


