കൊച്ചി: മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ 16ന് മുന്നറിയിപ്പില്ലാതെ പണിമുടക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെഎസ്ആര്‍ടിസി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു.
പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയറാണെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ നാലു മണിക്കൂര്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 1.5 കോടി രൂപയുടെ നഷ്ടവും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.
മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ തയാറാണെങ്കിലും സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
പണിമുടക്കില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കെഎസ്ആര്‍ടിസിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒരു മാസത്തിനകം കെഎസ്ആര്‍ടിസി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.


