തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് അർധരാത്രി മുതൽ. പ്രതിപക്ഷ സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്–ഐഎൻടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്ക്.
തുടർച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്കെന്ന് സംഘടന പ്രസിഡന്റ് തമ്പാനൂർ രവി അറിയിച്ചു. അതേസമയം, ജോലിക്ക് ഹാജരാകാത്തവർക്കു ഡയസ്നോൺ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വേതനം നവംബറിലെ ശമ്പളത്തിൽ നിന്ന് ഈടാക്കും. മെഡിക്കൽ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി വിളിച്ചുചേർത്ത ചർച്ച പരാജയമായിരുന്നു. തിങ്കളാഴ്ച മറ്റു യൂണിയനുകളിലെ ജീവനക്കാർ ജോലിക്കെത്തിയേക്കുമെന്നാണു സൂചന. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.


