തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സമരം ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികൾ എത്താത്തത് കാരണം സിഐടിയു പ്രതിനിധികളുടെ ആവശ്യങ്ങൾ മാത്രം കേട്ട് യോഗം പിരിഞ്ഞു. ഈ മാസം ഒമ്പതിന് വീണ്ടും യോഗം ചേരും.
സിഐടിയു മാനേജ്മെന്റ് തർക്കം രൂക്ഷമായതോടെയാണ് ഇന്ന് സംസ്ഥാന സർക്കാർ യോഗം വിളിച്ചത്. മൂന്ന് മണിക്ക് നിശ്ചയിച്ച യോഗത്തിൽ സർക്കാർ പ്രതിനിധികൾക്ക് പുറമെ എളമരം കരീം, ആനത്തലവട്ടം ആനന്ദൻ, ചന്ദ്രൻപിള്ള, കെ എൻ ഗോപിനാഥ് അടക്കം സിഐടിയു നേതാക്കളും സമരസമിതിയുടെ പ്രതിനിധികളും മാത്രമാണ് എത്തിയത്. അരമണിക്കൂർ കാത്ത് നിന്ന ശേഷം മന്ത്രി യോഗം തുടങ്ങി. വരുന്ന ഒമ്പതാം തീയതി കോട്ടയത്ത് വീണ്ടും യോഗം ചേരാൻ നിശ്ചയിച്ച് പിരിഞ്ഞു. മുത്തൂറ്റ് മാനേജ്മെന്റ് നടപടിയിലെ അതൃപ്തി മന്ത്രിയും യോഗത്തില്‍ മറച്ചുവെച്ചില്ല.


