ജെസ്ന തിരോധാനത്തില്‍ ഒരു തുമ്പും കിട്ടാതെ ക്രൈംബ്രാഞ്ച്. ജെസ്നയെ സിസിടിവിയില്‍ കണ്ടെന്നുള്ളത് സത്യമാണോ? ഒരു സിസിടിവിയിലും പിന്നീട് ജെസ്നയെ കണ്ടിട്ടില്ല. പിന്നെ ജെസ്ന എവിടെ? ജീവിച്ചിരിപ്പുണ്ടോ? ജീവിച്ചിരിക്കാനും മരിച്ചുപോകാനും 50ശതമാനം സാധ്യത മാത്രമാണുള്ളത്. ശരിയായ ദിശയില്‍ പോലീസ് അന്വേഷണം നടന്നോ എന്നാണ് സംശയം.
ജെസ്നയുടെ കഥ എന്താണെന്നുള്ള ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ഇതുവരെയുണ്ടായ റിപ്പോര്‍ട്ടുകളെല്ലാം സത്യമല്ലെന്നുള്ള അന്തിമ നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ലോക്കല്‍ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും വീഡിയോകളിലുമുള്ള ഒരാളും ജെസ്ന ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നിരീക്ഷിക്കുന്നു.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ സ്വന്തം വീട്ടില്‍ നിന്നും കാണാതാകുന്നത്. ആഴ്ചകള്‍ക്ക് ശേഷമാണ് ബന്ധുക്കളുടെ പരാതി പൊലീസ് ഗൗരവമായി എടുത്തത്. പിന്നീടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എവിടെയോ ജെസ്ന താമസിക്കുന്നുണ്ട് എന്നായിരുന്നു ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. പതിവായി എവിടെയോ പോയി മടങ്ങുന്ന ജെസ്നയുടെ ദൃശ്യം തൊട്ടടുത്ത് ചായക്കട നടത്തുന്ന മലയാളി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് വേറൊന്നും ലഭിച്ചില്ല. വീഡിയോയിലുള്ള പെണ്‍കുട്ടി ജെസ്ന ആയിരുന്നില്ല. തുടക്കത്തില്‍ അന്വേഷിച്ച ലോക്കല്‍ പൊലീസ് വരുത്തിയ വീഴ്ചകളാണ് കേസ് ഇത്രയും സങ്കീര്‍ണമാകാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ജെസ്നയുടെ സഹപാഠിയായ യുവാവിനെ മാത്രമാണ് അവര്‍ സംശയിച്ചത്. ജെസ്നയുടെ പിതാവും സഹോദരനുമെല്ലാം ഈ യുവാവിന് നേര്‍ക്കാണ് വിരല്‍ ചൂണ്ടിയിരുന്നത്. എന്നാല്‍, ഇയാളുമായി ജെസ്നയ്ക്ക് വെറും സൗഹൃദം മാത്രമാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ പിന്നാലെ മാത്രം നടന്ന ലോക്കല്‍ പൊലീസ് അതി നിര്ണായകമാകാമായിരുന്ന ചില തെളിവുകള്‍ കൈവിട്ടു കളഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ഫോണ്‍ കോളുകള്‍ തുടങ്ങി ആ കാലയളവില്‍ ശേഖരിക്കേണ്ട തെളിവുകള്‍ ഒക്കെ പിന്നീട് ലഭിക്കാതെ പോയി. ജെസ്നയുടെ ബന്ധുക്കളുടെ മൊഴിയെടുത്തതില്‍ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും തുറന്നു പറയാനും അവര്‍ തയാറായിട്ടില്ല.
ജെസ്നയുടെ സ്വഭാവ രീതികള്‍ സംബന്ധിച്ച് ബന്ധുക്കള്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ചത് പലതും പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജെസ്ന ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം, പക്ഷേ, മരിച്ചെന്നുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.


