കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. മുഖ്യമന്ത്രി എല്ലാ വിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തെന്ന് അര്‍ജുന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.
തിരച്ചിൽ നടത്താൻ ഈശ്വർ മൾപ്പ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മൾപ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയെന്നും കുടുംബം ആരോപിച്ചു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി ഇന്നലെ എം കെ രാഘവന് എം പി പറഞ്ഞിരുന്നു. മഴയുണ്ടെങ്കിലും ഇന്ന് ഗംഗാവലിയില്‍ തിരച്ചില്‍ നടത്താന്‍ താന്‍ തയാറാണെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിട്ടുണ്ട്.


