തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസിന്റെ നീക്കമെങ്കിലും ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പൊലീസുകാര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പൂജപ്പുര ജയിലില്‍ എത്തിച്ച ശേഷം വീണ്ടും ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായത്. മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് വിവരം.
കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന വിലയിരുത്തലോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജയിലിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയേക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശം മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയും പൊലീസ് സെല്ലില്‍ മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.


