തിരുവനന്തപുരം: ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗള്‍ഫില്‍ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നല്‍കിയിരുന്നു. മെറിന് ജോസഫ് ഐപിഎസിനെയാണ് സഹായിച്ചതെന്നാണ് പറഞ്ഞു വയ്ക്കുന്നത്. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീളില്ല.
വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്. അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. മദ്യപിച്ചിരുന്ന ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നല്കി.
പൊലീസിനും മജിസ്ട്രേറ്റ് മുമ്ബാകെയുമാണ് അവര്‍ മൊഴി നല്‍കിയത്. സംഭവം നടന്നയുടന്‍ താനാണ് കാര്‍ ഓടിച്ചതെന്ന് പറഞ്ഞ വഫ പിന്നീട് മൊഴി അപ്പാടെ മാറ്റുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കുറേനാളായി അറിയാമെന്നും സമ്മതിച്ചു. ഭര്‍ത്താവ് മറൈന്‍ എന്‍ജിനീയറാണ്. താനും വിദേശത്തായിരുന്നു. മോഡലിങ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പം പട്ടം മരപ്പാലത്തിന് സമീപമാണ് താമസമെന്നാണ് പൊലീസിനോട് വഫ പറഞ്ഞത്.ഉന്നത പൊലീസുകാരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ട്.
വിദേശപരിശീലനം കഴിഞ്ഞ് ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. മദ്യപിച്ചതിനാല്‍ വാഹനമോടിക്കേണ്ടെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ശ്രീറാം കേട്ടില്ല. താക്കോല്‍ വാങ്ങി കവടിയാറില്‍നിന്ന് കാറെടുത്തു. വാഹനം അമിതവേഗത്തിലായിരുന്നു. പബ്ലിക് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ കാറിന് നിയന്ത്രണം തെറ്റുന്നതായി തോന്നി. ഉടന്‍തന്നെ ബ്രേക്ക് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു-ഇതാണ് വഫയുടെ മൊഴി.