തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. കേസില്‍ മുഖ്യപ്രതി ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീണിനെയും സഹായി ശ്രീജിത്തിനെയും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ബി ജെ പി ശബരിമല കർമസമിതി ഹർത്താൽ ദിവസമാണ് പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യം ബോംബേറുണ്ടായത്. നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

