ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്വേഷണ ഏജന്‍സികളെയും ബി.ജെ.പി തകര്‍ക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്ത് അവരെ രാഷ്ട്രീയമായി തളര്‍ത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെയും അതിന്റെ ഭരണഘടനെയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ധര്‍ണക്ക് മുസ്ലിം ലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും പി.കെ കുഞ്ഞാലികുട്ടി എം.പി ഡല്‍ഹിയില്‍ പറഞ്ഞു.

