തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 800 കോടിയിലേറെ രൂപയുടെ മയക്കുമരുന്നാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് പോയ വര്‍ഷം ഉണ്ടായത്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്കുകളാണ് എക്സൈസ് കമ്മീഷണര്‍ പുറത്ത് വിട്ടത്. 2017ല്‍ 304 കോടി രൂപയുടെ മയക്കുമരുന്നുകള്‍ മാത്രമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. എന്നാല്‍ പോയവര്‍ഷം സംസ്ഥാനത്ത് ഒഴുകിയത് ഇതിന്റെ ഇരട്ടിയിലധികം രൂപയുടെ മയക്കുമരുന്നാണ്.
1000 ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞവര്‍ഷം മാത്രം പിടിച്ചെടുത്തു. 32 കിലോയുടെ എംഎഡിഎംഎ, 11000 ലേറെ നെട്രോസെപാം ഗുളികകള്‍, ഏഴ് കോടിയുടെ ഹാഷിഷ് എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം എക്സൈസ് കണ്ടെടുത്ത ലഹരിമരുന്നിന്റെ കണക്കുകള്‍. ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗത്തില്‍ അമൃത്സറിന് ശേഷമുള്ള നഗരമായി കൊച്ചി മാറി. ഈ സാഹചര്യത്തില്‍ ബോധവത്കരണവും പരിശോധനകളും കൂടുതല്‍ ശക്തമാക്കാനാണ് എക്സൈസ് തീരുമാനം. ആദ്യപടിയായി ഈമാസം 12ന് കൊച്ചിയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കും. പതിനാല് ജില്ലകളിലും ഈ മാസം തന്നെ വിമുക്തി കേന്ദ്രങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുവഴി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലഹരി ഉപഭോഗം കുറയ്ക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് വകുപ്പ്.

