തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. എൻറെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പേടിയായിരുന്നു.മകൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ല. ഇന്നലെ രാത്രി ഫോണിലൂടെയാണ് വാർത്ത കാണുന്നത്. മകൾ വന്നത് തന്റെ അമ്മയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.
അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.


