സംസ്ഥാന സംസ്ഥാന കായികമേള ഇനി മുതല്‍ സ്കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. എറണാകുളത്തായിരിക്കും കായിക മേള. ഒക്ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണ്. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്സ്പോ – ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചാണ് നടത്തുന്നത്.സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപ്ക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്.