തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അര്‍ധരാത്രി കെഎസ്യു നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. ആരും മർദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി തരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേഹം മെഡിക്കൽ കോളജിൽ ചികിത്സ തേടി ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.