കയര്‍ ഹോം പദ്ധതിയിലെ രണ്ടായിരാമത് വീടിന്റെ താക്കോല്‍ദാനം നാളെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. സഹകരണ വകുപ്പ് ആവിഷകരിച്ച് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതിയിലെ രണ്ടായിരാമത് വീടിന്റെ താക്കോല്‍ദാനം നാളെ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ 4നാണ് വീടിന്റെ താക്കോല്‍ദാനം നടക്കുന്നത്. പ്രളയദുരിതത്തിലും മഴക്കെടുതിയിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്കാന് ബഹു: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് ഈ വീട് നിര്‍മ്മിച്ചത്. കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിനില്‍ സിദ്ധാര്‍ത്ഥനാണ് രണ്ടായിരാമത് വീടിന്റെ അവകാശി. ഏറ്റവും കുറഞ്ഞ വിസ്തീര്‍ണം 500സ്ക്വയര്‍ ഫീറ്റ് ആണ് നിശ്ചയിച്ചതെങ്കിലും 625 സ്ക്വയര്‍ ഫീറ്റ് ആണ് സിദ്ധാര്‍ഥന്റെ വീടിന്.
കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മിച്ച ഭൂരിഭാഗം വീടുകളും 500 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുണ്ട്. 5 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി നിശ്ചയിച്ചതെങ്കിലും 10 ലക്ഷം രൂപ വരെ ചെലവഴിച്ചും വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. സ്ഥല പരിമിതി മറികടന്ന് ഒന്നര സെന്റില്‍ നിര്‍മിച്ച വീടും വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ തൂണുകളുടെ മേല്‍ നിര്‍മിച്ച വീടുകളും ശ്രദ്ധേയമായി. 1500 വീട് നിര്‍മ്മിക്കാന്‍ ആണ് ആദ്യം ഉദ്ദേശിച്ചത് എങ്കിലും 2 വര്‍ഷത്തിനുള്ളില്‍ 2000 വീടുകള്‍ നിര്‍മിക്കാന്‍ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചു.


