അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണത്തില്‍ ഹാപ്പിയായെന്ന് ശങ്കു. അങ്കണവാടിയില്‍ ബിരിയാണി കിട്ടുന്നതില്‍ ശങ്കുവും കൂട്ടുകാരും ഹാപ്പിയായെന്നും മന്ത്രി ആന്റിക്കും എല്ലാവർക്കും നന്ദിയെന്നും ശങ്കു പറയുന്നു. ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയില്‍ പഠിക്കുന്ന തൃജൽ എസ് സുന്ദർ എന്ന ശങ്കുവിന്റെ ‘അങ്കണവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് ഭക്ഷണ മെനു പരിഷ്കരണം. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.
അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്ക്കരിച്ചത്. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്ക്കരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.
ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷണ മെനു പരിശോധിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്ക്കരിച്ചത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. പരിഷ്ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക.


