തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വനിത കമ്മിഷന് അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്
ഷാഹിദാ കമാല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടുവെന്ന പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.
ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന് അംഗമായിരിക്കെ രാഷ്ട്രീയ ചായ്വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന് നിയമത്തില്‍ പറയുന്നുണ്ട്. ഷാഹിദ കമാല്‍ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.