തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. അര്‍ഹരായ മുഴുവന്‍പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തുമെന്ന് സമരസമിതി അറിയിച്ചു.

