ഇരിങ്ങാലക്കുട: തൃശ്ശൂർ എംപി സുരേഷ്ഗോപിക്ക് പ്രാദേശിക വികസന ഫണ്ടായി 10 കോടി രൂപ അനുവദിക്കപ്പെട്ടെങ്കിലും ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തികരിച്ചത് ഒരെണ്ണം മാത്രമാണെന്ന് സിപിഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. മണിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ 16,80,000 രൂപയുടെ ഒരു റോഡ് വാർക്കൽ മാത്രം പൂർത്തീകരിക്കപ്പെട്ടതെന്ന് പറയുന്നത്.
എംപി ഫണ്ട് അവലോകനം ചെയ്യുന്നതിനായി ഇക്കാലയളവിൽ നാലുതവണ യോഗം ചേർന്നു. ഒരു യോഗത്തിൽ പോലും എംപി പങ്കെടുത്തിട്ടില്ലെന്നും പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്നതിൽ ഭൂരിഭാഗം പഞ്ചായത്തുകളെയും അവഗണിച്ചതായും സിപിഐ കുറ്റപ്പെടുത്തി.
വികസനത്തിന്റെ വായ്ത്താരി മുഴക്കി ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഈ യാഥാർത്ഥ്യം തിരിച്ചറിയണമെന്ന് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അഭ്യർഥിച്ചു.


