തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ആവശ്യമെങ്കില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.
മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നേരിട്ട് കണ്ട് പ്രതികരണം എടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയേറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും പൊതുപരിപാടികള്‍ക്കിടയിലും മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്തരുടെ പ്രതികരണമെടുക്കുന്നതിന് മുന്‍പ് പിആര്‍ഡിയെ അറിയിക്കണം. ഇവരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം പ്രത്യേകമായി തയാറാക്കുന്ന സ്ഥലത്ത് വച്ച് പ്രതികരണമെടുക്കാമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറ്റ് മന്ത്രിമാരുടെ ഓഫീസില്‍ നിന്നുമുള്ള വാര്‍ത്തക്കുറിപ്പുകള്‍ പിആര്‍ഡി മുഖേ വാങ്ങണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അക്രഡിറ്റേഷനും പാസും ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കുകയുള്ളു എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കുലറിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.


