ആലപ്പുഴ: കേരളത്തിന്റെ പുനർനിർമാണത്തിന് ലഭിക്കുമായിരുന്ന നല്ലൊരു തുക കേന്ദ്രസർക്കാരിന്റെ നിലപാടുമൂലം കിട്ടാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരമുള്ള 2000 വീടുകളുടെ സംസ്ഥാനതല ശിലാസ്ഥാപനം ചെങ്ങന്നൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെത്തിയ ഐക്യരാഷ്ട്രസഭയുടെ സംഘം കണക്കാക്കിയത് 31,000 കോടി രൂപ വേണമെന്നാണ്. ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന് സർക്കാർ ആലോചിച്ചു. സാധാരണഗതിയിൽ കേന്ദ്രസർക്കാരാണ് ആവശ്യമായ ഫണ്ട് നൽകേണ്ടണ്ടത്. കേന്ദ്രസർക്കാരിനോട് നമുക്ക് ഫണ്ട് ചോദിക്കാൻ കഴിയുന്നത് നിശ്ചിതമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ നഷ്ടത്തിനും കണക്കാക്കിയ തുകയുണ്ട്. ഒരുവീടിന് ഒരുലക്ഷം രൂപയും റോഡിന് ഒരുകിലോമീറ്ററിന് ഒരുലക്ഷം രൂപയുമാണ് ചോദിക്കാൻ കഴിയുക. ഒരുകിലോമീറ്റർ റോഡ് വേണമെങ്കിൽ രണ്ടോ മൂന്നോ കോടി രൂപ വേണ്ടിടത്താണിത്. വീടിന് നാലുലക്ഷമാണ് കേരളത്തിൽ നൽകുന്നത്.
അങ്ങനെ കണക്കുകൂട്ടുമ്പോൾ 4000 കോടിയിൽപ്പരം രൂപയാണ് ചോദിച്ചത്. കേന്ദ്രസംഘം പരിശോധിച്ച് 2500 കോടി രൂപ അനുവദിക്കാൻ ശുപാർശചെയ്തുവെന്നാണ് മാധ്യമവാർത്തകളിൽ കാണുന്നത്. 4000 കോടിയിലധികം വേണ്ട സ്ഥാനത്താണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി നേതൃത്വം നൽകുന്ന സമിതിയാണ് ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഈ വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉടൻ ഇക്കാര്യത്തിൽ വേഗംതന്നെ തീരുമാനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 4000 കോടി രൂപ നഷ്ടത്തിന്റെ ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു എന്നതിനാൽ ഇതിനു പുറമേ 5000 കോടി രൂപ പ്രത്യേക പാക്കേജായി അനുവദിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
5000 കോടിയും 4000 കോടിയും കിട്ടിയെന്ന് സങ്കൽപ്പിച്ചാലും പിന്നെയും വലിയ തുക പുനർനിർമാണത്തിന് കണ്ടെത്തണം. കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത് രണ്ടുമൂന്നുകാര്യങ്ങളാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 10 ശതമാനം വർധന വരുത്തണമെന്നതാണ് ഒന്ന്. കൂടുതൽ വായ്പയെടുക്കാൻ സൗകര്യം വേണം. നിലവിൽ ജിഡിപിയുടെ മൂന്നുശതമാനമാണ് വായ്പയെടുക്കാവുന്നത്. അത് നാലര ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലൊന്നും ഇതേവരെ ഒരനക്കവും ഉണ്ടായില്ല. ഇതിനുപുറമേ ലോകബാങ്കിന്റെയും മറ്റും വായ്പ സ്വീകരിക്കേണ്ടതുണ്ട്. ഇതെല്ലാം ആകുമ്പോഴും പിന്നെയും പണം ആവശ്യമാണ്.
വെള്ളമിറങ്ങിയശേഷം വീടുകളിൽ എത്തിയവർ അനുഭവിച്ച മാനസിക ആഘാതം ചെറുതല്ല. സ്വന്തം വീട്ടിലേക്ക് ചെല്ലുന്നവർക്ക് അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ട പണമില്ലാത്ത അവസ്ഥ കണ്ടാണ് 10,000 രൂപ നൽകാൻ തീരുമാനിച്ചത്. എന്നിട്ടും 60 കോടിയിലധികം രൂപ ആയിനത്തിൽ ചെലവഴിച്ചു. അത്യാവശ്യസാധനങ്ങൾ വാങ്ങുന്നതിന് വായ്പാസൗകര്യം ഏർപ്പെടുത്തി. സഹകരണബാങ്കുകളാണ് ക്രിയാത്മകമായി പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


