പാലക്കാട് : അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളായ മണിവാസകവും അരവിന്ദും ഉൾപ്പെടെ 4 പേർ കീഴടങ്ങാൻ തയാറാണെന്നു മധ്യസ്ഥർ വഴി പൊലീസിനു സന്ദേശം നൽകിയിരുന്നതായി വിവരം. കേസുകൾ ഒഴിവാക്കണം എന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചത്.
മാവോയിസ്റ്റ് സംഘടന സംസ്ഥാന കമ്മിറ്റി അംഗമായ മണിവാസകം പ്രമേഹം മൂർച്ഛിച്ച സ്ഥിതിയിലായിരുന്നു. ശ്രീമതി, സാവിത്രി എന്നിവരാണു കീഴടങ്ങാൻ തയാറായ മറ്റു 2 പേർ. ഒന്നിച്ചു ജീവിക്കുകയായിരുന്ന അരവിന്ദിനും ശ്രീമതിക്കും 6 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുട്ടി അട്ടപ്പാടിയിൽ സുരക്ഷിതയാണെന്നാണു വിവരം. പ്രസവ സംബന്ധമായി അവർ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ പോയതായി വിവരമുണ്ട്. ശ്രീമതിയെയും സാവിത്രിയെയും കണ്ടെത്താനായിട്ടില്ല.
സംഘടന പകവീട്ടാൻ സാധ്യതയുണ്ടെന്നു മണിവാസകം പറഞ്ഞതായി കീഴടങ്ങുന്നതിനെക്കുറിച്ചു പൊലീസിനു വേണ്ടി ആശയവിനിമയം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ആദിവാസി സംഘം പറഞ്ഞു. മറ്റു രണ്ടു മധ്യസ്ഥരിലൂടെയാണു മാവോയിസ്റ്റുകൾ സന്ദേശം കൈമാറിയിരുന്നത്. മണിവാസകം 2014 മുതൽ അട്ടപ്പാടിയിലുണ്ട്.
തുടക്കത്തിൽ ഒപ്പമുണ്ടായിരുന്നവരിൽ ചിലർ, ഇദ്ദേഹം രോഗിയായതോടെ വിട്ടുപോയി. വടികുത്തി നടക്കേണ്ട അവസ്ഥയിലായിരുന്നു. വെടിയേറ്റു മരിച്ച രമയും കാർത്തിയും ഈയിടെ ഒപ്പം ചേർന്നവരാണ്. മുൻപ് മൂലക്കൊമ്പ് ഊരിൽ നിന്നു കാളിദാസൻ, മുക്കാലിയിൽ നിന്നു ഡാനിഷ് എന്നീ മാവോയിസ്റ്റകളെ പിടികൂടിയെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഇവർ കീഴടങ്ങിയതാണെന്ന് ഊരുമൂപ്പന്മാർ പറയുന്നു.


