ശബരിമലയില്‍ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷയൊരുക്കാന്‍ തീരുമാനം .അഞ്ചാം തീയതി ശബരിമല നട തുറക്കുന്നത് കണക്കിലെടുത്ത് നവംബർ മൂന്നു മുതൽ ആറാം തിയ്യതി വരെ ഇത്രയും പോലീസിനെ വിന്യസിക്കാനാണ് കണക്കു കൂട്ടൽ . ചിത്തിര ആട്ടവിശേഷത്തിനാണ് അഞ്ചാം തീയതി വൈകീട്ട് അഞ്ചിന് നട തുറക്കുന്നത്. ആറാം തീയതി രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്.
അതേസമയം, ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. തൊഴിലാളികൾ അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വാങ്ങുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കിൽ വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ കൈയ്യിൽ കരുതണം എന്നും നിര്‍ദേശമുണ്ട്. ഈ രേഖകളുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. ഇതിനു പുറമേ പൊലീസ്, സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്.തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി വേണ്ടത്ര മുന്‍കരുതലെടുക്കാനാണ് രണ്ടുദിവസം മുന്‍പേ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നത്.
വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് പത്തനംതിട്ട പൊലീസ് മേധാവി അറിയിച്ചു.


