കേരളം അപകടരമായ നിലയിലേക്കാണ് പോകുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സന്ദീപ് വാര്യര്‍ രംഗത്തുവന്നിരിക്കുകയാണ്. അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശികള്‍ കേരളത്തില്‍ തുഴഞ്ഞ് കയറുന്നുവെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്‍ക്കത്തയില്‍ പറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.
ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തു നിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളില്‍ കവര്‍ച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ കേരളത്തില്‍ വന്ന് തമ്ബടിക്കുകയാണ്. സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവര്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴില്‍ മേഖല പൂര്‍ണ്ണമായും നശിപ്പിക്കുന്നു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അപ്പുറം കേരളത്തിന്റെ പൊതുനന്മയെ കണക്കാക്കി, രാജ്യ താല്പര്യം മുന്‍നിര്‍ത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയം കേരളത്തിലും നടപ്പാക്കണമെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദമായിരിക്കേ രാജ്യമെങ്ങും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുളള നീക്കത്തിലാണ് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അക്കാര്യം കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രഖ്യാപിക്കുകയുമുണ്ടായി. ഹിന്ദുക്കളും സിഖുകാരും ജൈന മതക്കാരും ബുദ്ധമതക്കാരം ക്രിസ്ത്യാനികളും അടക്കമുളള കുടിയേറ്റക്കാരെ പുറത്താക്കില്ല എന്നാണ് ഷാ പ്രസംഗിച്ചത്. മുസ്ലീം കുടിയേറ്റക്കാരെ മാത്രമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.


