പ്രളയദുരിതബാധിതര്‍ക്ക് തന്റെ കടയിലുള്ള എല്ലാ തുണികളും നല്കി മാതൃകയായ വ്യക്തിയാണ് നൗഷാദ്. പെട്ടെന്നായിരുന്നു നൗഷാദ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പുതുതായി തുറന്ന കട നൗഷാദ് അടച്ചു പൂട്ടുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്.
മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുമ്പ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട്പാത്ത് കച്ചവടം തന്നെ. ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നത്.
എന്നാല്‍, ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണെന്ന് നൗഷാദ് തന്നെ പറയും. ഈ പ്രചാരണം ഫേക്കാണെന്ന് നൗഷാദ് പറയുന്നു. ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണ്. അത് ഒരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ, പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. അറിഞ്ഞിട്ട് സത്യമറിയാന്‍ ഒരുപാട് പേര് വിളിക്കുന്നുണ്ട്. അതൊരു വ്യാജപ്രചാരണമാണ്.. ഞാനത് കാര്യമാക്കുന്നില്ലെന്നും നൗഷാദ് പറയുന്നു. പലരും അവര്‍ക്ക് തോന്നിയ രീതിയില്‍ പലതും പ്രചരിപ്പിക്കുകയാണ്.
കോര്പ്പറേഷന് ബസാറില്‍ കുറച്ച് പാവപ്പെട്ട മനുഷ്യന്മാര് പെട്ടിക്കട പോലെ വെച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ കോര്പ്പറേഷന് വന്ന് പൊളിച്ചുകൊണ്ടുപോയി. എന്റെ ജ്യേഷ്ഠന്റെ കടയൊക്കെ അവിടുന്ന് പൊളിച്ചുകൊണ്ടുപോയതാണ്.. ഈ കട ഞാനെന്റെ ജ്യേഷ്ഠന് വേണ്ടി എടുത്തതാണ്. അദ്ദേഹത്തിന് പ്രായമൊക്കെ ആയി വരുന്നു.. അദ്ദേഹത്തിന് ഒരു വരുമാനമാവുമല്ലോ, ആ കട. അങ്ങനെ ചെറിയൊരു കട എടുത്തു എന്നേയുള്ളൂ.. അത് ആകെ നൂറ് സ്ക്വയര്‍ ഫീറ്റുമാത്രമുള്ള കടയാണ്. ഞാനത് ഇപ്പോ എന്ത് ഒഴിയാനാണ്. അത് ഓരോരുത്തര് ഫെയ്ക്ക് ആയി ഇടുന്ന കാര്യങ്ങളാണ്. അതിനോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും നൗഷാദ് പറഞ്ഞു.