പ്രശസ്ത നടന് ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി.എറണാകുളത്തെ പി.കെ. ടൈൽസ് സെന്റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്.എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ.എ. പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.
വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.ഇൻവോയ്സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമ മം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു.
പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാംഎതിർകക്ഷി 16,58,641രൂപ നൽകണം. കൂടാതെ,നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി.ജെ ലക്മണ അയ്യർ ഹാജരായി.


