ഹോപ്പ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ജയം നേടി. പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങ ളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണ് ഹോപ്പ്. ഈ പദ്ധതി പരിശീലനത്തിലൂടെ പരീക്ഷ എഴുതിയ 522 കുട്ടികളില്‍ 465 പേര് ഉന്നത വിദ്യാഭ്യാസ ത്തിനു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന് അറിയിച്ചു. ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്. കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി ഹോപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രദ്ധയും പരിരക്ഷയും ആവശ്യമായ 2000 ഓളം കുട്ടികളിലേക്ക് സംവിധാനം വ്യാപിപ്പിക്കും.
പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് അഡീഷണല്‍ എസ് പി മാരെ എല്ലാ പോലീസ് ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കും. എല്ലാ ജില്ലകളിലും പ്രത്യേക പരിശീലകരുടെ പട്ടിക തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഉന്നത പഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍പരമായ നിപുണതകള്‍ പകര്‍ന്നു നല്കാന് നടപടി സ്വീകരിക്കുമെന്നും ഐ.ജി പി.വിജയന് പറഞ്ഞു.