മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജി മുംബൈ ഡിൻഡോഷി സെഷൻസ് കോടതി പരിഗണിക്കവേ യുവതിയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ.
യുവതിയും മറ്റൊരു വ്യക്തിയുമായുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ഹാജരാക്കിക്കൊണ്ടാണ് യുവതിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ ബിനോയിയുടെ അഭിഭാഷകൻ ശ്രമിച്ചത്. ആദിത്യ മോഹൻ എന്ന ഭോജ്പുരി നടനൊപ്പമുള്ള ചിത്രങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്.
യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകൻ നൽകിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു
. അറസ്റ്റിന് മുൻപ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎൻഎ പരിശോധനയെ എതിർത്തു.
യുവതിക്ക് വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്ന് രേഖകളിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വാദിച്ചു. എഫ്ഐആറിൽ പറയുന്ന ആരോപണങ്ങളും യുവതി നൽകിയ തെളിവുകളും പൊരുത്തപ്പെടുന്നില്ല.
കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ബിനോയ് കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ് ആ ബന്ധം നില നിൽക്കെ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചെങ്കിൽ ആ വിവാഹം പ്രഥമ ദൃഷ്ട്യാ നില നിൽക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

