കൊച്ചി : പി.എസ്. സിയുടെ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനത്തില്‍ സുപ്രീം കോടതി വിധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് അയോഗ്യരായ ചില ഉദ്യോഗാര്തികളെ യോഗ്യരാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് അയോഗ്യരായ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ രംഗത്ത് വന്നത്.
എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് അധ്യാപകരാകാന്‍ ബിരുദതലത്തില്‍ ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ഈ യോഗ്യത ഇല്ലാത്ത ചിലര്‍ പി.എസ്.സി നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനത്തിന് കെമിസ്ട്രിയും ഫിസിക്സും പഠിച്ചിരിക്കണം എന്നത് മുന്‍പു നടന്ന പരീക്ഷകളിലും പി.എസ്.സി വ്യക്തമാക്കിയിരുന്നു. അന്നും അയോഗ്യരെ പുറത്താക്കിയാണ് നിയമനം നടന്നത്. പി.എസ്.സിയുടെ യോഗ്യത മാനദണ്ഡങ്ങള്‍ ശരിവെച്ച് ജൂണ്‍ ആറിന് കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ
പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണാജനകമായ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവര്‍ പ്രചാരണം നടത്തുന്നതായും യോഗ്യത മാനദണ്ഡങ്ങളില്‍ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് റാങ്ക് ലിസ്റ്റില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആരോപിച്ചു.
എട്ടുവര്‍ഷത്തിനുശേഷം വരുന്ന എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് റാങ്ക് ലിസ്റ്റ് നിയമന നടപടി ഇത്തരക്കാരുടെ ശ്രമം കൊണ്ട് വൈകിയേക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. എത്രയും പെട്ടെന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ ആവശ്യം.