കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായവരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്രഹം പ്രകടിപ്പിച്ചു. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിനോടാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
മഹാമാരിയെ ചെറുക്കാൻ നാടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ വീട്ടിനുള്ളിലിരുന്ന സമയത്താണ് മെഡിക്കൽ കോളേജിൽ അഞ്ചു ശസ്ത്രക്രിയകളും നടന്നത്. മൃതസഞ്ജീവനിയിൽ പേരു രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ ദിനങ്ങളെണ്ണി കഴിഞ്ഞ സമയത്താണ് അശനിപാതം പോലെ കൊറോണ വൈറസ് പടർന്നുപിടിച്ചത്. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ ഉറ്റവർ സർവ പ്രതിബന്ധങ്ങളെയും അവഗണിച്ച് അവയവദാനത്തിന് തുനിഞ്ഞതോടെ പ്രതീക്ഷകൾ അവരെ തിരികെ വിളിക്കുകയായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന്റെയും മെഡിക്കൽ കോളേജ് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിപൂർണ പിന്തുണ കൂടി ലഭിച്ചതോടെ ഒരു നിമിഷം വൈകാതെ അവയവ സ്വീകർത്താക്കൾ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി. എല്ലാവരും ചികിത്സ കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ സുഖം പ്രാപിച്ച് വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു. കോവിഡ് കാലത്തെ ആറാമത്തെ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ അവനവൻ ചേരി തച്ചുർ കുന്ന് സ്വദേശിയായ ജയറാം (52) എന്ന രോഗിയിൽ നടന്നു, യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ ഉഷാകുമാരി, സ്റ്റാഫ് നേഴ്സ് സിന്ധു എന്നിവർ പങ്കാളികളായി. കഴിഞ്ഞ ദിവസം വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആൾസെയിന്റ്സ് സ്വദേശി രാധാകൃഷ്ണന്റെ വൃക്കയാണ് ജയറാമിന് മാറ്റി വച്ചത്.


