കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.
ശ്രീജിത്തിനെ അറസ്റ്റു ചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ രേഖകളെക്കുറിച്ചും അന്വേഷണം നടത്തും. കസ്റ്റഡി മരണം നടന്നതിനു ശേഷമുള്ള ഫോണ്‍ രേഖകളിലുള്‍പ്പെടെ കൃത്രിമം നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റഡി കൊലപാതകം നടക്കുമ്പോള്‍ എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. എ.വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് (ആര്.ടി.എഫ്.) ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. മരണം വിവാദമായതോടെ ആര്.ടി.എഫ്. പിരിച്ചുവിട്ട് സ്ക്വാഡിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്ന് എ.വി. ജോര്‍ജിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.


