തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിനല്കാനും സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
പറവൂര്‍ സിഐ ക്രിസ്പിന് സാമിന്റെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലാകുന്ന പോലീസുകാരുടെ എണ്ണം അഞ്ചായി. നേരത്തെ വരാപ്പുഴ എസ്ഐ ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ ജിതിന് രാജ്, സുമേഷ് , സന്തോഷ് കുമാര്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ മൂലം വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ വെച്ച് ബോധരഹിതനായ ശ്രീജിത്തിനെ ഈ മാസം എട്ടിനാണ് പോലീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
തുടര്‍ന്ന് ഒമ്പതാം തിയതി വൈകുന്നേരം ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
ഉരുട്ടി കൊലയ്ക്ക് സമാനമായ പീഡന മുറകളാണ് ശ്രീജിത്ത് നേരിടേണ്ടിവന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


