കോട്ടയം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 
ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി അറിയിച്ചു. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
നാളെ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് ഹര്‍ത്താലനുകൂലികള്‍ നഷ്ടം വരുത്തിയാല്‍ കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്.
അതേസമയം ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു.


