മാവേലിക്കര: യുവതികള്‍ ശബരിമലയില്‍ കയറിയാല്‍ പകുതി മീശ വടിക്കുമെന്ന് വെല്ലുവിളിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വ്യക്തമാക്കി തെളിവുകള്‍ സഹിതം പോസ്റ്റിട്ടു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന എന്റെ വാക്ക് പാലിച്ചു…ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി…ഹിന്ദു ആചാര പ്രകാരം ഇതിന പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവര്‍ക്ക് ഏറ്റ ഉണങ്ങാത്ത മുറിവ് ആയിരിക്കും ഇതാണ് എന്ന് വിവാദ മോഡല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പില്‍ ചിത്രങ്ങള്‍ സഹിതമായിരുന്നു യുവാവിന്റെ പോസ്റ്റ്. എന്നാല്‍ സംഭവം വൈറലായതോടെ യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.
നേരത്തെ ശബരിമലയില്‍ പൊലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട രാജേഷ് തന്നെയാണ് വാക്ക് പാലിച്ച് മീശ വടിച്ചിരിക്കുന്നത്. ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ഭക്തനെ പൊലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തിലെ മോഡലായിരുന്നു ഇയാള്‍. ശബരിമലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്.


