കൊല്ലം: മുഖ്യമന്ത്രിക്കെതിരായ ഇഡി നോട്ടീസ് സിപിഎമ്മിനെ ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടീസ് അയച്ചത് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്നും ഇതിനപ്പുറം ഇഡി ഒന്നും ചെയ്യില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണെന്ന് അദേഹം പറഞ്ഞു.
ഏറ്റവും കൂടിയ പലിശയ്ക്കാണ് മസാല ബോണ്ട് കടമെടുത്തത്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ബോണ്ട് എടുത്തത്. എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്നാണ് ബോണ്ട് എടുത്തതെന്നും എല്ലാം കഴിഞ്ഞ് ലണ്ടനിൽ പോയി മണിയടിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും എല്ലാം പിആർ സ്റ്റണ്ട് മാത്രമായിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.


