നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും മില്ലുടമകൾ സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രണ്ട് മില്ലുകളുമായി ധാരണയിലെത്തി. തൃശൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇന്ന് തന്നെ നെല്ല് സംഭരിച്ചു തുടങ്ങും.
സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെൽക്കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് മില്ലുടമകള്‍ നെല്ലെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂരും കുട്ടനാടും ഇന്ന് തന്നെ സംഭരണം തുടങ്ങിയേക്കും. ഇന്ന് ഉച്ചക്ക് ശേഷവും ചര്‍ച്ച തുടരുകയാണ്.

