തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. ഇപ്പോള്‍ പ്രളയ സെസിനെയും ധനമന്ത്രിയെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്. -അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇന്ദ്രജാലം! മഹേന്ദ്രജാലം
സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.
928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതല്‍ നല്കി പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ജാതി-മത-പാര്‍ട്ടി ഭേദമന്യേ എല്ലാ കേരളീയര്‍ക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.
നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള് അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താന്‍, എംഎല്‍എമാരുടെ അലവന്‍സ് കൂട്ടാന്‍, പിഎസ്സി ചെയര്‍മാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാന്‍…
എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.


