തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്.ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിച്ചു.ബസ് പരിശോധിച്ച ശേഷം പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്.
മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.


