റാന്നി: മോഷ്ടിച്ച സ്വര്‍ണമാല പണയംവെച്ചുകിട്ടിയ പണവുമായി കാമുകിയെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഷ് ടി.വി. ചാര്‍ജ് ചെയ്യാനെന്ന ഭാവത്തിലെത്തി സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞുവെന്ന പരാതിയിലാണ് യുവാവിനെ റാന്നി പോലീസ് പിടികൂടിയത്. മുക്കട വാകത്താനം അരുണ്‍ രാജു(22) ആണ് അറസ്റ്റിലായത്.
ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടില്‍ ശ്രീദേവിയുടെ മാലയാണ് നഷ്ടപ്പെട്ടത്. റാന്നി ഇട്ടിയപ്പാറയിലെ സിസ്റ്റം കെയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് യുവാവ് ഡിഷ് ടി.വി. ചാര്‍ജ് ചെയ്യാനെന്ന ഭാവത്തില്‍ സ്ഥാപനത്തിലെത്തിയത്. പറഞ്ഞുകൊടുത്ത നമ്പര്‍ ശ്രീദേവി കുറിക്കുന്നതിനിടയിലാണ് മാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നുകളഞ്ഞത്.
ശ്രീദേവിയും മറ്റ് കടകളിലെ ജീവനക്കാരും ചേര്‍ന്ന് പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. എരുമേലിക്കുള്ള ബസില്‍ ഇയാള്‍ പോയതായി അറിഞ്ഞ് ബസിനെ പിന്തുടര്ന്നെങ്കിലും ഇടയ്ക്കിറങ്ങി യുവാവ് രക്ഷപ്പെട്ടിരുന്നു. എരുമേലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് യുവാവ് 30,000 രൂപ എടുത്തതായി പോലീസ് പറഞ്ഞു. പിന്നീട് കണ്ണൂരിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയി. അന്വേഷണത്തില്‍ പോലീസ് ഇതറിഞ്ഞു.
കൊല്ലമുളയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്നയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലുണ്ടായിരുന്ന ഷാഡോ ടീമംഗങ്ങളെ ജില്ലാ പോലീസ് മേധാവി ടി.നാരായണന് വിവരമറിയിച്ചു. കാമുകി താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ലോഡ്ജില്‍നിന്നാണ് യുവാവിനെ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളായ എ.എസ്.ഐ.ഹരികുമാര്‍, സുജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച പിടികൂടിയ യുവാവിനെ തിങ്കളാഴ്ച റാന്നി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. മാലയിലുണ്ടായിരുന്ന താലിയും ലോക്കറ്റും യുവാവില്‍നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. റാന്നി സി.ഐ. എസ്.ന്യൂമാന്‍, എസ്.ഐ. സിദ്ദിഖ്, ഷാഡോ പോലീസ് ടീമംഗങ്ങളായ അജി സാമുവേല്‍, ബിജു മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മാല നഷ്ടപ്പെട്ടപ്പോള്‍ ശ്രീദേവി യുവാവിനുവേണ്ടി നടത്തിയ തിരച്ചിലില്‍ ലഭിച്ച തെളിവുകളാണ് വേഗത്തില്‍ ഇയാളെ പിടികൂടാന്‍ വഴിയൊരുക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വേഗം നടത്തിയ നീക്കങ്ങളും മൂന്നുദിവസംകൊണ്ട് ഇയാളെ പിടികൂടാനായി. കടം വീട്ടാനും ബെംഗളൂരുവിന് പോകാനുള്ള പണത്തിനുമായാണ് യുവാവ് മാല കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.