തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുന്‍ വില്ലേജ് ഓഫീസറെ മൂന്ന് വര്‍ഷം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി യേശുദാസനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ആനാവൂര്‍ കോട്ടക്കല്‍ സ്വദേശിയായ കുട്ടപ്പന്റെ വസ്തുവിന്റെ പോക്ക് വരവ് ചെയ്ത് കരം അടച്ച് നല്‍കുന്നതിന് വേണ്ടി ആനാവൂര്‍ വില്ലേജ് ഓഫീസറായിരുന്ന യേശുദാസന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് 3000 രൂപയില്‍ ഉറപ്പിക്കുകയുമായിരുന്നു. ഇതില്‍ 1000 രൂപ കൈപ്പറ്റി. ബാക്കി തുകയായ 2000 രൂപ വില്ലേജ് ഓഫീസില്‍ വച്ച് കൈമാറുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് മുന്‍ ഡിവൈ.എസ്.പി എസ്. രാജേന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

